Friday, January 10, 2014

ഹരിത എം.എല്‍.എ. പൈതൃകത്തോട് ചെയ്യുന്നത്


കൊടുങ്ങല്ലൂര്‍, കൊച്ചി, പറവൂര്‍, മാള എന്നിങ്ങനെ കേരളത്തിലെ യഹൂദ അധിവാസ പ്രദേശങ്ങള്‍ പരിമിതമാണ്. എന്നാല്‍, ആയിരം വര്‍ഷത്തെ യെങ്കിലും പഴമയുണ്ട് ആ പുരാവൃത്തത്തിന്. തോമാശ്ലീഹ കൊടുങ്ങല്ലൂര് വന്ന് സുവിശേഷ ദൌത്യം നിര്‍വഹിക്കുന്നകാലത്ത്, ഒരിക്കല്‍, രാജകൊട്ടാ രത്തില്‍ ഒരു വിവാഹ സല്‍ക്കാരത്തിന് ക്ഷണിക്കപ്പെട്ടു. അവിടെവച്ച് അദ്ദേഹം സ്വന്തം ഭാഷയായ ഹിബ്രുവില്‍ ഒരു ഗാനം ആലപിച്ചു. ഉടനെ തന്നെ കൊട്ടരത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഒരു വാദ്യോപകരണം മീട്ടി ഗാനത്തിന് അകമ്പടി നല്‍കിയത്രേ. അത് ഒരു യഹൂദപെണ്‍കുട്ടിയായിരുന്നു എന്നാണ് കഥ. ചരിത്രപരമായ വിശ്വാസ്യത പോരെങ്കിലും കേരളത്തിലെ യഹൂദ കുടിയേറ്റത്തിന്‍റെ പഴമ സൂചിപ്പി ക്കുന്നുണ്ട് ഈ കഥ. എല്ലാ കുലങ്ങളും എന്‍റെ നാട്ടിലുണ്ട്, എന്നാല്‍ ജൂതകുലം മാത്രമില്ല. അതുകൊണ്ട്, നിങ്ങളും ഇവിടെ താമസിക്കണം എന്നായിരുന്നുവത്രേ യഹൂദകുടിയേറ്റക്കാരോട് ഇവിടുത്തെ ഭരണാധികാരി പറഞ്ഞത്‌. വൈവിധ്യത്തെ സമ്പത്തായി കരുതുന്ന ഒരു സംസ്കൃതിയെ കണ്ടതിന്‍റെ ആഹ്ലാദം ഈ കുടിയേറ്റചരിത്രം വിവരിക്കുന്ന ജൂതന്മാരുടെ പഴംപാട്ടുകളി ലുണ്ട്. ന്യൂനപക്ഷത്തിലും ന്യൂനപക്ഷമായിരുന്നുവെങ്കിലും കേരളത്തിലെ കച്ചവടസംസ്കാരത്തില്‍ യഹൂദരുടെ സംഭാവന അനല്പമാണ്.


 ഈ സാംസ്‌കാരിക പൈതൃകത്തോട് നാം കാട്ടുന്ന അനീതി ചൂണ്ടിക്കാണി ക്കാനാണ് ഇത്രയും പറഞ്ഞത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പെട്ട മാളയിലെ യഹൂദസ്മാരകങ്ങള്‍ വികസനത്തിന്‍റെ പേരില്‍ നശിപ്പിക്കുന്നത് ഒരു ഹരിത എം. എല്‍.എ (ടി.എന്‍. പ്രതാപന്‍.) യുടെ നേതൃത്വത്തില്‍ തന്നെയാണ്. കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള (4 ഏക്കര്‍) യഹൂദശ്മശാനവും പട്ടണമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സിനഗോഗുമാണ് മാളയിലെ യഹൂദശേഷിപ്പുകള്‍. 1955ല്‍ അവസാനത്തെ യഹൂദസംഘവും വാഗ്ദത്ത ഭൂമിയായ ഇസ്രായേലിലേക്ക് കുടിയേറിയപ്പോള്‍, ഈ സ്മാരകങ്ങളെ സംരക്ഷിക്കാനുള്ള ചുമതല, ഒപ്പുവെച്ച് രജിസ്റ്റര്‍ ചെയ്ത ഒരു ഉടമ്പടിപ്രകാരം മാള പഞ്ചായത്തിനെ ഏല്‍പ്പിച്ചിരുന്നു. കാലം മാറിയപ്പോള്‍, ചോദിയ്ക്കാന്‍ ആളില്ലതായപ്പോള്‍, ഉടമ്പടിയെല്ലാം കാറ്റില്‍ പറത്തി, ഈ സ്മാരകങ്ങളെ വികസനവാദികള്‍ തന്നിഷ്ടംപോലെ മാറ്റിമറിച്ചു. സിനഗോഗ് കമ്മ്യൂണിറ്റി ഹാളായി മാറി, ശ്മശാനത്തിന്‍റെ മുക്കാല്‍ഭാഗവും കളിസ്ഥലമായി. മുപ്പതോളം കല്ലറകളുണ്ടായിരുന്ന ശ്മശാനത്തില്‍ ഇപ്പോള്‍ അവശേഷി ക്കുന്നത് മൂന്നെണ്ണം മാത്രം. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടായില്ല എന്നല്ല. എന്നാല്‍ അവയെല്ലാം തീരെ ദുര്ബ്ബലങ്ങളായിരുന്നു. (അന്തരിച്ച കെ.എ. തോമസ്‌മാസ്റ്ററെ നന്ദിപൂര്‍വ്വം സ്മരിക്കുക.)

 ഇപ്പോള്‍ വിവാദമുയര്‍ന്നിരിക്കുന്നത് 4 ഏക്കര്‍ വരുന്ന ശ്മശാനത്തെ ചൊല്ലിയാണ്. കളിസ്ഥലമാക്കിമാറ്റിയ രണ്ടര ഏക്കര്‍ കഴിച്ച് ശേഷിച്ച ഒന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് ടൂറിസം പാര്‍ക്ക്‌ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് 1കോടി 61 ലക്ഷം രൂപ അനുവദിച്ച ടൂറിസം വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങുന്നു. പീടികമുറികള്‍, ടോയ് ലെറ്റുകള്‍, ബോട്ടിംഗ് സൌകര്യമുള്ള തടാകം എന്നിങ്ങനെ ഒന്നര ഏക്കറില്‍ ഒന്നര കോടിയിലേറെ ചെലവഴിക്കാനുള്ള രൂപരേഖ കണ്ട് ചില സാംസ്‌കാരിക സംഘടനകളാണ് പ്രതിഷേധിച്ചു തുടങ്ങിയത്. എം.ജി.എസ്.നാരായണനും എം.ജി.ശശിഭൂഷനും അടക്കമുള്ള ചരിത്ര പണ്ഡിതരുടെ ഇടപെടലുമുണ്ടായി. തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പുഫോര്‍മുല പഞ്ചായത്തും എം.എല്‍.എ.യും ചേര്‍ന്ന് അട്ടിമറിക്കുകയും പാര്‍ക്കിന്‍റെ പണി ആരംഭിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തപ്പോഴാണ് പൈതൃകസംരക്ഷണസമിതി രൂപം കൊള്ളുന്നത്‌. പ്രതിഷേധം ശക്തിപ്പെടുന്നതിനിടക്കുതന്നെ മറ്റൊരു പദ്ധതികൂടി വരുന്നു. കളിസ്ഥലമാക്കിമാറ്റിയ രണ്ടര ഏക്കറില്‍ കെ.കരുണാകരന്‍റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള 8 കോടിയുടെ പദ്ധതി. നോക്കണേ തമാശ! കാലിയായ ഖജനാവില്‍ നിന്ന് മാളയിലെ ശ്മശാനഭൂമിയിലേക്ക്‌ കോടികളാണ് ഒഴുകി വരുന്നത്. പരമസാത്വികനായ കരാറുകാരന്‍ സത്യസന്ധമായി പണിയെടുപ്പിച്ചാലും ഇത്തരത്തിലുള്ള നിര്‍മ്മാണത്തില്‍ 10% ലാഭം ഉറപ്പാണ്‌ എന്ന് അനുഭവജ്ഞര്‍ പറയുന്നു. പിന്നെയെങ്ങിനെ വികസന വാദികള്‍ അടങ്ങിയിരിക്കാന്‍. യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നത്.

 സംഭവം കേട്ടറിഞ്ഞ് യഹൂദസമുദായത്തില്‍ പെട്ട ചിലര്‍ 1955 ല്‍ യഹൂദ പ്രതിനിധികളും മാള പഞ്ചായത്തും തമ്മിലുണ്ടാക്കിയ കരാറിന്‍റെ ലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. ശ്മശാനത്തിലെ ഭൂമി കുഴിക്കുകയോ മണ്ണെടുക്കുകയോചെയ്യരുത്, പഞ്ചായത്ത് സ്വന്തം ചെലവില്‍ അത് സംരക്ഷിക്കണം, ശവം മറവു ചെയ്യാനുള്ള യഹൂദരുടെ അവകാശം ഒരിക്കലും ചോദ്യം ചെയ്യപ്പെടരുത് തുടങ്ങിയ 12 വ്യവസ്ഥകളാണ് കരാറിലുള്ളത്. പൈതൃകസംരക്ഷണ സമിതിയും കേസില്‍ കഷിചേര്‍ന്നിട്ടുണ്ട്. 2005 ല്‍ ശ്മശാനത്തില്‍ കളിസ്ഥലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോഴും യഹൂദ പ്രതിനിധികള്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് വേണ്ടവിധം മുന്നോട്ടു കൊണ്ടുപോവാന്‍ അവര്‍ക്ക് സാധിച്ചില്ല. കരാര്‍ലംഘനത്തിന് പരാതി നല്‍കേണ്ടത് കീഴ്കോടതി യിലാണെന്ന് പറഞ്ഞു ഹൈക്കോടതി കേസ് തള്ളുകയാണുണ്ടായത്. എന്നാല്‍ വിധി പഞ്ചായത്തിന് അനുകൂലമാണ്‌ എന്ന് അവകാശപ്പെട്ടുകൊണ്ട്‌ ശ്മശാനത്തിന്‍റെ ഒരുഭാഗം കളിസ്ഥലമാക്കി മാറ്റി. മൂന്നു കല്ലറകള്‍ അവശേഷിക്കുന്ന ഭാഗം ഒഴിച്ചിടുവാന്‍ ഇടയായത് അന്ന് ഉയര്‍ന്ന ജനകീയ പ്രതിഷേധമാണ്. മുന്‍പ് സിനഗോഗിന്‍റെ മുന്‍പില്‍ നിര്‍മ്മിച്ച ഷോപ്പിംഗ്‌ കോംപ്ലക്സ് പൊളിച്ചു മാറ്റേണ്ടി വന്നതും ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ്. 8 വര്‍ഷങ്ങള്‍ക്കു ശേഷം വിവരാവകാശ നിയമപ്രകാരം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച രേഖയില്‍ നിന്ന് അന്നത്തെ വിധിയുടെ നിജസ്ഥിതി മനസ്സിലാക്കിയതിന്‍റെ ഫലമാണ്‌ ഇപ്പോഴത്തെ കേസ്. 

പ്രൊഫ.സി.കര്‍മ്മചന്ദ്രന്‍ പ്രസിഡണ്ടും ശ്രീ.പി.കെ.കിട്ടന്‍ സെക്രട്ടറിയുമായ മാളയിലെ പൈതൃകസംരക്ഷണസമിതി, ഇതിനിടെ സ്മാരകങ്ങല്‍ക്ക് മുന്‍പില്‍ പേര്‍പ്പലകകള്‍ (Name Boards) സ്ഥാപിക്കാനുള്ള ഒരു ശ്രമം നടത്തുകയുണ്ടായി. പ്രമുഖര്‍ പങ്കെടുത്ത ഒരു സാംസ്‌കാരിക സദസ്സിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ഈ ഉദ്യമത്തെ പോലിസിനെ ഉപയോഗിച്ച് നേരിടാനാണ് പഞ്ചായത്തിന്‍റെ അധികാരഗര്‍വ്വ്‌ തുനിഞ്ഞത്. ആനന്ദ്, പ്രിയനന്ദന്‍, സച്ചിദാനന്ദന്‍ പുഴങ്കര, എം.ജി.ബാബു തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.
ടി.എന്‍.പ്രതാപന്‍,എം.എല്‍.എ.

മാളയിലെ യഹൂദ സ്മാരകങ്ങളുടെ പ്രശ്നം വാസ്തവത്തില്‍ പൈതൃകത്തോടുള്ള കേരളീയസമൂഹത്തിന്‍റെ സമീപനത്തിന്‍റെ പ്രശ്നമാണ്. ഇവിടെയിത്‌ നിയമപരമായിത്തന്നെ ഭരണാധികാരികളുടെ ബാധ്യതയാണ്‌. അങ്ങിനെയല്ലാത്ത ഒട്ടനവധി സ്മാരകങ്ങള്‍ കേരളത്തിലുണ്ട്. അവയുടെ സംരക്ഷണം ഭരണാധികാരികള്‍ മാത്രമല്ല, ഓരോ പൌരനും ധാര്‍മ്മിക ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്.